പ്രേംചന്ദ്
പ്രേംചന്ദ് (യഥാർത്ഥ നാമം: ധൻപത് റായ് ശ്രീവാസ്തവ) വാരണാസിക്ക് അടുത്തുള്ള ലംഹി എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു തപാൽ ഓഫീസിൽ ഗുമസ്തനായിരുന്നു പ്രേംചന്ദിന്റെ പിതാവ്. പ്രേംചന്ദിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അമ്മ പ്രേംചന്ദിന് 7 വയസ്സുള്ളപ്പോഴും പിതാവ് പ്രേംചന്ദ് ഒരു 14 വയസ്സുള്ള വിദ്യാർത്ഥി ആയിരുന്നപ്പോഴും മരിച്ചുപോയി. തന്റെ രണ്ടാനമ്മയുടെയും രണ്ടാനമ്മയിലുള്ള സഹോദരങ്ങളുടെയും ചുമതല പ്രേംചന്ദിന്റെ ചുമലിലായി
തന്റെ ജീവിതത്തിന്റെ ആരംഭം മുതലേ പ്രേംചന്ദ് കൊടിയ ദാരിദ്ര്യം അനുഭവിച്ചു. ഒരു വക്കീലിന്റെ കുട്ടിക്ക് പാഠങ്ങൾ പഠിപ്പിച്ച് പ്രേംചന്ദ് മാസം 5 രൂപ വരുമാനം സമ്പാദിച്ചു. വളരെ കഷ്ടപ്പെട്ട് മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ച പ്രേംചന്ദ് മാസം 8 രൂപ ശമ്പളത്തിൽ ഒരു അദ്ധ്യാപകനായി പ്രവേശിച്ചു. പിന്നീട് പ്രേംചന്ദ് യുണൈറ്റഡ് പ്രോവിൻസസ് ഓഫ് ആഗ്രാ ആന്റ് ഔധ് എന്ന പ്രദേശത്തെ വിദ്യാലയങ്ങളുടെ ഡെപ്യൂട്ടി സബ്-ഇൻസ്പെക്ടർ ആയി.
1910-ൽ ജാമിർപൂർ ജില്ലാ മജിസ്റ്റ്രേറ്റ് പ്രേംചന്ദിനെ സോസ്-എ-വതൻ (ഒരു രാഷ്ട്രത്തിന്റെ വിലാപം) എന്ന തന്റെ ചെറുകഥകളുടേ സമാഹാരം പ്രസിദ്ധീകരിച്ചതിന് ശാസിച്ചു. ഈ കൃതി വിപ്ലവോദ്വേതകം (seditious) എന്ന് മുദ്രകുത്തപ്പെട്ടു. ഈ കഥാസമാഹാരത്തിലെ ആദ്യത്തെ കഥ ദുനിയാ കാ സബ്സേ അന്മോൽ രതൻ (ലോകത്തിലെ ഏറ്റവും അമൂല്യരത്നം) എന്ന കഥയായിരുന്നു, പ്രേം ചന്ദിന്റെ അഭിപ്രായത്തിൽ ഈ രത്നം “രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചൊരിയുന്ന അവസാനത്തെ തുള്ളി ചോര”യായിരുന്നു. സർക്കാർ സോസ്-എ-വതൻ എന്ന കൃതിയുടെ എല്ലാ പ്രതികളും പിടിച്ചെടുത്ത് കത്തിച്ചു. ഇതിൽ പിന്നെ അദ്ദേഹം പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിച്ചു.
പ്രേംചന്ദ് എന്ന തൂലികാനാമം സ്വീകരിക്കുന്നതിനുമുൻപ് അദ്ദേഹം ഉർദുവിൽ നവാബ്റായ് എന്ന തൂലികാനാമത്തിലാണ് എഴുതിയത്. പ്രേംചന്ദിനു മുൻപ് ഹിന്ദി സാഹിത്യം പ്രധാനമായും മതപരമായ കൃതികളിലും ഫാന്റസി കഥകളിലും ഒതുങ്ങിനിന്നു. പ്രേംചന്ദാണ് റിയലിസം ഹിന്ദി സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്. 300-ൽ അധികം ചെറുകഥകളും ഒരു ഡസൻ നോവലുകളും രണ്ട് നാടകങ്ങളും പ്രേംചന്ദ് രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ ക്രോഡീകരിച്ച് മാൻസരോവർ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1921-ൽ മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് പ്രേംചന്ദ് തന്റെ സർക്കാർ ജോലി ഉപേക്ഷിച്ചു. ഒരു അച്ചടിശാലയുടെ പ്രൊപ്രൈറ്റർ ആയും സാഹിത്യ – രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളായ ജാഗരൺ, ഹാൻസ് എന്നിവയുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു. ബോംബെ ചലച്ചിത്രലോകത്തെ ഒരു തിരക്കഥാകൃത്തായി അദ്ദേഹം ഒരു ചുരുങ്ങിയ കാലയളവിൽ പ്രവർത്തിച്ചു. ചലച്ചിത്ര ലോകത്തെ കുറിച്ച് പ്രേംചന്ദിന് നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. മസ്ദൂർ (തൊഴിലാളി) എന്ന ചിത്രത്തെക്കുറിച്ച് പ്രേംചന്ദ് – “സിനിമയിൽ എല്ലാം സംവിധായകനാണ്. തൂലികയേന്തുമ്പോൾ എഴുത്തുകാരൻ രാജാവായിരിക്കാം, പക്ഷേ സംവിധായകന്റെ സാമ്രാജ്യത്തിലെ ഒരു സാധാരണ പ്രജ മാത്രമാണ് കഥാകൃത്ത്…ഞാൻ വിഭാവനം ചെയ്യുന്ന രംഗങ്ങളിൽ ആശയങ്ങളും മൂല്യങ്ങളും കടന്നുവരുന്നു. അവയിൽ കാണികളെ രസിപ്പിക്കുന്ന ഒന്നുംതന്നെ ഇല്ല എന്ന് സംവിധായകൻ എന്നോടുപറയുന്നു”.
പ്രേംചന്ദിന്റെ ആദ്യവിവാഹം ഒരു ദുരന്തമായിരുന്നു. രണ്ടാമത് പ്രേംചന്ദ് ശിവറാണി ദേവി എന്ന ബാലവിധവയെ വിവാഹം ചെയ്തു. ഇന്ത്യയിൽ അന്ന് ഇതൊരു പാപമായി കരുതിയിരുന്നു. പ്രേംചന്ദിന് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു – ശ്രീപദ് റായ്, അമൃത് റായ്, കംലാ ദേവി ശ്രീവാസ്തവ
സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടാണ് പ്രേംചന്ദ് ജീവിച്ചത്. ഒരിക്കൽ അല്പം വസ്ത്രങ്ങൾ വാങ്ങാൻ രണ്ടര രൂപ ലോൺ എടുത്ത പ്രേംചന്ദിന് ഇതു തിരിച്ചടയ്ക്കാൻ മൂന്നുവർഷം കഷ്ടപ്പെടേണ്ടിവന്നു.
Shop Now
Ividam