ജി. വിവേകാനന്ദൻ
1923 മേയ് 5-ന് ഗോവിന്ദൻ്റെയും ലക്ഷ്‌മിയുടേയും മകനായി കോവളത്തിനടുത്ത് കോളിയൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂങ്കുളം സ്‌കൂളിലായിരുന്നു. വെങ്ങാനൂർ ഇംഗ്ലീഷ് മീഡിൽ സ്‌കൂൾ, നെല്ലിമൂട് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പല ജോലികൾ ചെയ്ത് അദ്ദേഹം, കൂലിപ്പണിയും കൽപ്പണിക്കരുടെ സഹായിയായും ജോലി നോക്കി. ഇതിനിടയിൽ കമ്പൗണ്ടർ പരീക്ഷ പാസായി, രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ ചേർന്നു. യുദ്ധ സ്ഥലങ്ങളിൽ ജോലി നോക്കിയശേഷം തിരികെയെത്തി തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ കമ്പോണ്ടറായി. പ്രൈവറ്റായി പഠിച്ച് ഇൻ്റർമീഡിയറ്റും ബി.എ ബിരുദവും കരസ്ഥമാക്കി. എം. എക്ക് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കുന്ന തിനു മുന്നേ തന്നെ ആകാശവാണിയിൽ അനൗണസറായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് സ്ക്രിപ്റ്റ് റൈറ്ററായും ന്യൂസ് റീഡറായും ജോലി നോക്കി. കേരളത്തിന്റെ പുറത്തേക്ക് ജോലി മാറ്റം ഉണ്ടാവുമെന്ന് കണ്ടപ്പോൾ ആ ജോലി ഉപേക്ഷിച്ചു. തുടർന്ന് സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായി. പിന്നീട് വീണ്ടും ആകാശവാണിയിൽ ജോലിക്ക് പ്രവേശിച്ചു. 1959-ൽ അദ്ദേഹം പി. ലളിതയെ വിവാഹം ചെയ്‌തു. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പ റേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കെ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടരായിരുന്ന സമയത്താണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ച ശേഷം കേരള കൗമുദിയിലും ജോലി നോക്കി.
20 നോവലുകൾ, 15 കഥാസമാഹാരങ്ങൾ, 6 നാടകങ്ങൾ ഇതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സംഭാവന. ശ്രുതിഭംഗം എന്ന നോവലിന് 1986-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിൻ്റെ കള്ളിച്ചെല്ലമ്മ മലയാള ത്തിലെ ആദ്യ ഓർവ്വോ കളർ ചിത്രമായി പി ഭാസ്ക്കരൻ്റെ സംവിധാനത്തിൽ തിരശ്ശീലയിലെത്തി. വിവേകാനന്ദൻ തന്നെയാണ് അതിനു തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തുടർന്ന് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, മഴക്കാറ്, ടാക്‌സി ഡ്രൈ വർ, വാർഡ് നമ്പർ ഏഴ്, ഒരു യുഗസന്ധ്യ, വിസ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം കഥയെഴുതി.
1999 ജനുവരി 23-ന് അദ്ദേഹം അന്തരിച്ചു.
Shop Now
Sathrugnan: Kathakalum Sinimayum
Ividam