അക്കിത്തം അച്യുതൻ നമ്പൂതിരി

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂര് അക്കിത്തത്തുമനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർമനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി 1926 മാർച്ച് 18-ന് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജനനം, അക്കിത്തം നമ്പൂതിരിമാരിൽ നിന്നു ലഭിച്ച ആദരണീയമായ പാരമ്പര്യത്തിനു പുറമെ, അസൂയാവഹമായ കാവ്യശിക്ഷണത്തിനും അക്കിത്തത്തിന് അവസരം ലഭിച്ചു. മലയാളത്തിലെ എല്ലുറപ്പുള്ള കവി എന്ന് വിശേഷിപ്പിച്ച ഇടശ്ശേരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ഇടശ്ശേരിയെക്കൂടാതെ കുട്ടികൃഷ്ണമാരാര്, വി.ടി. ഭട്ടതിരി പ്പാട്, ജി.പി. കുഞ്ഞിരാമൻ നായർ തുടങ്ങിയവരും പിൽക്കാലത്ത് അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

കോളേജ് പഠനം പൂർത്തിയാക്കിയില്ല. സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. ചിത്രരചനയിലും തല്പ‌രനാണ്. ‘ഉണ്ണിനമ്പൂതിരി’യുടെ പ്രസാധകനായി പ്രവർത്തിച്ചിരുന്നു. ‘മംഗളോദയം’, ‘യോഗക്ഷേമം’ എന്നിവയുടെ സഹപത്രാധി പരായി ജോലിനോക്കിയിട്ടുണ്ട്. 1947-ൽ തീണ്ടലിനെതിരെ നടന്ന പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്തു.

1956 മുതൽ ’75 വരെ ആകാശവാണി കോഴിക്കോടു നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ആയി പ്രവർത്തിച്ചിരുന്നു. പിന്നീട് തൃശൂർ റേഡിയോ നിലയത്തിൽ എഡിറ്ററായും സേവനമനുഷ്‌ഠിച്ചു.

കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്‌ഠാംഗത്വം, മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ കബീർ സമ്മാനം, പത്മപ്രഭാ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, കേരള സർക്കാരിൻ്റെ എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അക്കത്തെത്തെ തേടിയെത്തി.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘നിമിഷക്ഷേത്രം’, ‘മനഃസാക്ഷിയുടെ പൂക്കൾ’, ‘ഉപനയനം’, ‘സമാവർത്തനം‘ തുടങ്ങി മുപ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. 1999-ൽ അക്കിത്തത്തിൻ്റെ കാവ്യതപസ്സിൻ്റെ ഫലമായി ശ്രീമദ് ഭാഗവതത്തിന്റെ പരിഭാഷ മലയാളത്തിനു ലഭിച്ചു.

ഭാര്യ: കീഴായൂരിൽ ആലമ്പള്ളിമനയ്ക്കൽ ശ്രീദേവി അന്തർജ്ജനം.

മക്കൾ: പാർവ്വതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ

വിലാസം: ദേവയാനം

                       പി.ഒ. കുമരനല്ലൂർ

                      പാലക്കാട്

Shop Now

0