പന്തളം കേരളവർമ്മ
പന്തളം വലിയ കോയിക്കലിൻ്റെ വടക്കേടത്തുശാഖയിൽ 1879 ഫെബ്രുവരി 8-ന് (കൊല്ല വർഷം 1054 മകരം 10, മകയിരം) ജനിച്ചു. അച്ഛൻ: പുതുപ്പള്ളി തൃക്കോണമംഗലം ദേശത്തു പെരിഞ്ചേരി ഇല്ലത്തെ വിഷ്‌ണുനമ്പൂതിരി അമ്മ അശ്വതി തിരുന്നാൾ തന്വംഗിത്തമ്പുരാട്ടി. സംസ്കൃതാഭ്യസനം തുടങ്ങിയത് പന്തളത്ത് അച്യുതവാര്യരുടെ കീഴിൽ പിന്നീട് പന്തളത്തെ അവിട്ടം തിരുനാൾ രാമവർമ്മത്തമ്പുരാന് ശിഷ്യപ്പെട്ടു. പ്രധാനമായും കാവ്യങ്ങളാണ് പഠിച്ചത്. ഉപനയനശേഷം തൃക്കേട്ടനാൾ വീരകേരളവർമ്മയിൽ നിന്ന് തർക്കവും, അത്തംനാൾ ഗോദവർമ്മയിൽ നിന്ന് വ്യാകരണവും പഠിച്ചു. 1901-ൽ അദ്ദേഹം കുടുംബത്തിലെ ഭരണകർത്താവായി. 1905-ൽ വിവാഹിതനായി. ഭാര്യ: ഒടുവിൽ കുഞ്ഞി കൃഷ്‌ണമേനോൻ്റെ അനുജത്തി അമ്മുക്കുട്ടിയമ്മ. 1909-ൽ തിരുവനന്തപുരത്ത് ഗവൺമെന്റ് ഹൈസ്ക്കൂളിൽ ഭാഷാധ്യാപകനായതോടെ താമസം അങ്ങോട്ടുമാറ്റി ശ്രീമൂലം തിരുനാളിൻ്റെ വിദ്വൽസദസ്സിൽ അംഗം എന്ന നിലയിൽ അദ്ദേഹത്തിന് വർഷാ ശനം ലഭിച്ചിരുന്നു. കൊച്ചിരാജാവ് കവിതിലകൻ എന്ന സ്ഥാനം നൽകി. 1905 മുതൽ കവനകൗമുദി പത്രിക തുടങ്ങി. 25 വർഷത്തിലധികം അതു നടന്നു. ജീവിതകാലം മുഴു വൻ തമ്പുരാൻ പഠിക്കാൻ താല്‌പര്യം കാണിച്ചു തിരുവനന്തപുരത്ത് അദ്ധ്യാപകൻ ആയി രിക്കുമ്പോഴാണ് തുറവൂർ നാരായണശാസ്ത്രിയുടെ അടുത്ത് മഹാഭാഷ്യം പഠിച്ചത്. 1919 ജൂൺ 11-ാം (കൊല്ലവർഷം 1094 ഇടവം 28 ബുധൻ) തീയതി അന്തരിച്ചു. ആദ്യകാല രചനകൾ സംസ്കൃതത്തിൽ ആയിരുന്നു. പതിന്നാലാം വയസ്സിൽത്തന്നെ
ധർമ്മശാസ്‌താവിനെപ്പറ്റി ഒരഷ്ടകവും, ഒരു ശ്രീകൃഷ്‌ണസ്‌താത്രവും എഴുതിയിരു ന്നു. കൂട്ടുകാരായ ചില കുട്ടിക്കവികളേയും ചേർത്ത് അക്കാലത്ത് സാഹിത്യസമാജം സ്ഥാപിച്ചു. ചില ദ്രുതകവിതാ മത്സരങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. ശാസ്‌താവിനെപ്പറ്റി ഒരു കേശാദിപാദവും രാസവിലാസം ഭാണവും അക്കാലത്തുണ്ടാക്കി. കവനകൗമുദി ആണ് തമ്പുരാനെ ഭാഷാകവിതയിലേക്ക് തിരിച്ചുവിട്ടത്. അതിൽ പരസ്യങ്ങൾപോലും പദ്യത്തിൽ ആയിരുന്നു. സുംഭനിസുംഭവധം മണിപ്രവാളം, ഭുജങ്‌ഗസന്ദേശം, വഞ്ചീശ ശതകം, ഭാഗീരഥി, സൂക്തിമാല, കഥാകൗമുദി, രുഗ്മാംഗദചരിതം, വിജയോദയം, ശ്രീമൂലരാജവിജയം, ശ്രീമൂലപ്രകാശിക, ശബരിമലയാത്ര, വേണീസംഹാരപരിഭാഷ, ഭാഷാദൂ തവാക്യം വ്യായോഗം എന്നിവയാണ് തമ്പുരാൻ്റെ പ്രധാന കൃതികൾ. ഒരു ഡസനിലേറെ കൂട്ടുകവിതകളും ഒടുവിൽ കുഞ്ഞിക്കൃഷ്‌ണമേനോൻ, ഉള്ളൂർ തുടങ്ങിയവരോടുചേർന്ന് അദ്ദേഹം രചിച്ചു. കുറെ ബാലകവിതകളും തമ്പുരാൻ്റേതായി കിട്ടിയിട്ടുണ്ട്. സാമാന്യമാ യിപ്പറഞ്ഞാൽ ശബ്ദാഡംബരസമന്വിതവും സംസ്‌കൃതപദങ്ങൾ ധാരാളം ഉള്ളതുമാണ് അദ്ദേഹത്തിന്റെ രചനാശൈലി. പദം കൊണ്ടു പന്താടിയ പന്തളം കേരളവർമ്മ എന്നാണ് പറയാറുള്ളത്. രാജപ്രശസ്‌തികൾ കവികൾ എഴുതുന്ന രീതിയിലാണ് വഞ്ചീശശതകം, ശ്രീമൂലരാജവിജയം, ശ്രീമൂലപ്രകാശിക, മാർത്താണ്ഡദേവോദയം എന്നിവ. ശരല്ക്കാലത്തിലെ പുഴ, വർഷകാലനദി തുടങ്ങി വർണ്ണനാപ്രധാനങ്ങളായ കവിതകളാണ് സൂക്തി മാലയിൽ. ഭീമപ്രഭാവം, സൗഭദ്രനിര്യാണം തുടങ്ങി കഥാപ്രധാനങ്ങളായ ഖണ്ഡകവിതകളുടെ സമാഹാരമാണ് കഥാകൗമുദി. വീരരൗദ്രരസങ്ങളുടെ ആവിഷ്കാരത്തിലാണ് അദ്ദേഹം കൂടുതൽ മികവു കാണിച്ചത്. വേണീസംഹാര തർജ്ജമ അതിനുദാഹരണമാണ്. ഒരു കല്പിത കഥ ഇതിവൃത്തമാക്കി വഞ്ചിപ്പാട്ടുരീതിയിൽ എഴുതിയിട്ടുള്ളതാണ് ഭാഗീരഥി എന്ന ഖണ്ഡകാവ്യം. 1908-ൽ ആണ് രുഗ്മാംഗദചരിതം എഴുതിയത്. യമകാദി അലങ്കാരങ്ങൾ, ചിത്രശ്ലോകങ്ങൾ ഇവ ചേർന്ന ആ മഹാകാവ്യത്തെ ഭാഷയിലെ മാഘം എന്നു വിശേഷിപ്പിക്കുന്നുണ്ട്. കിരാതാർജ്ജുനീയ കഥയാണ് വിജയോദയത്തിൽ മുദ്രാ രാക്ഷസം നാടകം നാലങ്കത്തോളം തമ്പുരാൻ വിവർത്തനം ചെയ്‌തു. വാല്മീകി അവഗണിച്ച ഊർമ്മിളയെക്കുറിച്ച് ഒരു ഖണ്ഡകാവ്യം തമ്പുരാൻ എഴുതി. ഈ പണ്ഡിതനാണ് എഴുതിയത് എന്നു തോന്നാത്ത മട്ടിൽ അത്രയേറെ ലളിതമാണ് അദ്ദേഹം എഴുതിയ കുട്ടിക്കവിതകൾ. അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നൻപിനോടൊന്നു ചൊല്ല്, ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, മണിയെക്കണ്ടോ മണിയെക്കണ്ടോ നാഴികമണിയെക്കണ്ടോ എന്നു തുടങ്ങുന്ന കുട്ടിക്കവിതകളൂടെ ചാരുത അനുഭവവേദ്യമാണ്.
Shop Now
Ividam