എം പി നാരായണപിള്ള

1939 നവംബർ 22-ന് പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബി.എസ്സ്.സി ബിരുദമെടുത്തു. ദില്ലി ഈസ്റ്റ് ജർമ്മൻ കോൺസുലേറ്റിൽ ടെലിഫോൺ ഓപ്പറേറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് അഞ്ചു വർഷം കേന്ദ്ര ആസൂത്രണ കമ്മീഷനിൽ ഇക്കണോമിക് ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്‌ത കാലത്താണ് കഥയെഴുത്തിലേക്ക് കടന്നത്. ഇതിനുശേഷം ഹോങ്കോങ്ങിലെ ‘ഫാർ ഈസ്റ്റേൺ ഇക്കോണമിക് റിവ്യൂ‘വിൽ ഉപപത്രാധിപരായി ചേർന്ന് ധനകാര്യ പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് 1970 മുതൽ 72വരെ മുംബെയിൽ കോമേഴ്‌സ്‌ ഗ്രൂപ്പിൻ്റെ ചീഫ് ഓഫ് പബ്ലിക്കേഷൻസ്, മക്ഗ്രാഹിൽ ‘വേൾഡ് ന്യൂസ്’ൻ്റെ ഇന്ത്യൻ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിടെ നിന്ന് ‘മിനറൽസ് ആൻഡ് മെറ്റൽസ് റിവ്യൂ’വിൻ്റെ പത്രാധിപരായി സ്ഥാനമേറ്റു. ഇതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒട്ടേറെ പത്രമാസികകളിൽ വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള പംക്തികൾ കൈകാര്യം ചെയ്ത‌ിരുന്നു. ഏഷ്യൻ ഇൻഡസ്ട്രീസ് ഇൻഫർമേഷൻ സെന്ററർ എന്ന സ്വകാര്യസ്ഥാപനത്തിൻ്റെ ചീഫ് എക്സ്ക്യൂട്ടീവ്, ‘ട്രയൽ’ വാരികയുടെ പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സുഹൃത്തുക്കളോടു ചേർന്ന് പെരുമ്പാവൂരിൽ ‘നജോമ‘ എന്ന പേരിൽ ഒരു കോസ്മെറ്റിക് കമ്പനി തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. പരിണാമം എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയെങ്കിലും അത് നിരസിക്കുകയുണ്ടായി.

ഭാര്യ: പ്രഭാപിള്ള
രണ്ട് ആൺമക്കൾ
1998 മെയ് 19ന് മുംബെയിൽ അന്തരിച്ചു.

Shop Now

0