തായാട്ട് ശങ്കരൻ
കണ്ണൂർ ജില്ലയിൽ പന്ന്യന്നൂർ ഗ്രാമത്തിൽ വെള്ളുവ ചന്തുനമ്പ്യാരുടെയും ലക്ഷ്മി അമ്മയുടെയും രണ്ടാമത്തെ സന്തതിയായി 1924-ൽ തായാട്ടുവീട്ടിൽ ജനിച്ചു. കുന്നുമ്മൽ യു.പി സ്‌കൂൾ, കതിരൂർ ബോർഡ് ഹൈസ്‌കൂൾ, തലശ്ശേരി ബ്രണ്ണൻകോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1947-ൽ സെക്കണ്ടറി ട്രെയിനിംഗ് കഴിച്ചുവെങ്കിലും അധ്യാപകനാകാതെ, കോൺഗ്രസ്സിലും പ്രജാപാർട്ടിയിലും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. 1949 -ൽ കോഴിക്കോട് ഗണപതി ഹൈസ്‌കൂളിൽ അധ്യാപകനായി. സാഹിത്യകാരിയും ഗണപതി സ്‌കൂളിലെ അധ്യാപികയുമായിരുന്ന എം.പി. ഹൈമവതിയെ 1955-ൽ വിവാഹം കഴിച്ചു. പ്രൈവറ്റായി ബിരുമം നേടിയ തായാട്ട് കോഴിക്കോട് സെൻ്റ് ജോസഫ്‌സ് കോളജ്, തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, തലശ്ശേരി ബ്രണ്ണൻ കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി നോക്കി കേരള ഗ്രന്ഥശാലാസംഘത്തിന്റെ പ്രസിഡൻ്പദവി അലങ്കരിച്ചിട്ടുണ്ട്. ‘മാനസികമായ അടിമത്തം’ എന്ന പുസ്‌തകത്തിന് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കുന്നതിനുവേണ്ടി, 1982 സെപ്‌തംബറിൽ വളണ്ടറി റിട്ടയർമെന്റ് വാങ്ങി ദീർഘനാളത്തെ അധ്യാപക ജീവിതത്തിൽനിന്നും വിരമിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരായിരിക്കെ 1985 മാർച്ച് 23-ന് അന്തരിച്ചു.
മക്കൾ: കൃഷ്‌ണകുമാർ, ലക്ഷ്‌മീദേവി.