ആനിബസന്റ്റ്
ജനിച്ചത് 1847-ൽ ലണ്ടനിൽ. വിദ്യാഭ്യാസം ഏറിയകൂറും ഗൃഹത്തിൽ വെച്ച്, 1867-ൽ ഫ്രാങ്ക് ബസന്റ്റ് എന്ന ആംഗ്ലിക്കൻ പാതിരിയെ വിവാഹം ചെയ്തതോടെ ആനിബെസന്റ് എന്നറിയപ്പെട്ടു. ബ്രിട്ടനിലെ സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിന്റെ നേതാവായ ചാൾസ് ബ്രാഡ്‌ലിയുടെ അനുയായിയായി. സംഘടനയുടെ മുഖപത്രത്തിന്റെ പത്രാധിപരായി. ജനന നിയന്ത്രണത്തിൻ്റെ ആവശ്യകതയ്ക്കായി ആനിബെസന്റ് ചെയ്‌ത പ്രചാരണങ്ങൾ ബ്രിട്ടനിൽ വലിയ കോളിളക്കമുണ്ടാക്കി. ബർണാഡ്ഷായുമായുള്ള പരിചയം 1885-ൽ ഫാബിയൻ സമൂഹത്തിൽ അംഗത്വം നേടിക്കൊടുത്തു. മദാം ബ്ലാവട്‌സ്‌കിയുടെ ചിന്തകളിൽ ആകൃഷ്ട യായി ‘ആത്മവിദ്യാസംഘ’ത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആധ്യാത്മിക ദർശനം, ആധുനിക വിദ്യാഭ്യാസം എന്നിവയുടെ പ്രചാരണാർത്ഥം ഇന്ത്യയിൽ എത്തിയ ആനിബെസൻ്റ് അഡയാറിൽ 1894-ൽ പിന്നോക്ക സമുദാ യത്തിൽപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ‘ഓൽക്കോട്ട് പഞ്ചമ സ്കൂൾ’ സ്ഥാപിച്ചു. ഭാരതത്തിലെ പ്രധാന നഗരങ്ങളിലെല്ലാം സന്ദർശിച്ച് ഉജ്ജ്വല പ്രഭാഷണം നടത്തി. പ്രഗത്ഭരായ ഭാരതീയ നേതാക്കളുമായി സൗഹൃദം സ്ഥാപിച്ചു. ബനാറസിലെ സെൻട്രൽ ഹിന്ദു കോളേജിൻ്റെ സ്ഥാപക ആനിബെസന്റാണ്. ഒന്നാം ലോക മഹായുദ്ധത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. ഹിന്ദു മുസ്ലീം മൈത്രി കൈവരുത്താനും ഇന്ത്യക്കാർക്ക് ഭരണകാര്യങ്ങളിൽ പങ്കാളിത്തം നേടിക്കൊടുക്കാനുമായി 1916-ൽ ഹോംറൂൾ ലീഗ് ആരംഭിച്ചു. ഇതിൻ്റെ ആദ്യകാല ഭാരവാഹി മുഹമ്മദലി ജിന്നയായിരുന്നു. ന്യൂ ഇന്ത്യ (ദിന പത്രം), കോമൺവ്യൂ (വാരിക) എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങി. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിൽവാസം അനുഷ്‌ഠിച്ചു. വനിതാ വിമോചനം, സാമൂഹ്യ പരിഷ്‌കരണം, തൊഴിലാളി പ്രസ്ഥാനം, ഫേബിയൻ സോഷ്യലിസം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ആത്മവിദ്യാ പ്രസ്ഥാനം (തിയോസഫിക്കൽ സൊ സൈറ്റി) എന്നിങ്ങനെ വിവിധ പ്രവർത്തന മേഖലകളിൽ നേതൃത്വപരമായ പങ്കു വഹിച്ച പ്രഗത്ഭയായ ഈ ഇംഗ്ലീഷ് വനിത 1933-ൽ അഡയാറിൽ വെച്ച് അന്തരിച്ചു.