യു.എ. ഖാദർ
1935-ൽ കിഴക്കൻ മ്യാൻമറിലെ മോൺസ്റ്റേറ്റിലെ ബില്ലീൻ ഗ്രാമത്തിൽ ജനനം. പിതാവ് കൊയിലാണ്ടിയിലെ ഉസ്സങ്ങാന്റകത്ത് മൊയ്‌തീൻകുട്ടി ഹാജി. മാതാവ് ബർമ്മക്കാരിയായ മാമൈദി. വിദ്യാഭ്യാസം കൊയിലാണ്ടി ഹൈസ്‌കൂൾ, മദിരാശി കോളേജ് ഓഫ് ആർട്സ്. ആദ്യകഥ 1952-ൽ ചന്ദ്രിക ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കഥ, നോവൽ, ബാലസാഹിത്യം, യാത്രാവിവരണം, ഓർമ്മ എന്നീ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, കേരള സാഹിത്യഅക്കാദമി വിശിഷ്‌ടാംഗത്വ പദവിയടക്കം നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി.
1955-ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ജോലി ചെയ്‌തു. 1957-ൽ ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ പ്രപഞ്ചം വൃത്താന്തവാരികയുടെ സഹപത്രാധിപർ, 1960 മുതൽ കേരള ഹെൽത്ത് സർവ്വീസിൽ, 1967 മുതൽ അഞ്ച് വർഷക്കാലം കോഴിക്കോട് ആകാശവാണിയിൽ ഡപ്യൂട്ടേഷനിൽ കുടുംബ ക്ഷേമ പ്രക്ഷേപണ വിഭാഗത്തിൽ, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർണൽ ആന്റ് ചൈൽഡ് ഹെൽത്തിൽ. 1990-ൽ ഗവ: ജനറൽ ആശുപത്രി അഡ്‌മിനിസ് ട്രേഷനിൽ ഇരിക്കെ റിട്ടയർ ചെയ്തു. 1992 മുതൽ മൂന്ന് വർഷക്കാലം മംഗളം ദിനപത്രത്തിൻ്റെ മലബാർ എഡിഷൻ റസിഡൻ്റ് എഡിറ്ററായി പ്രവർത്തിച്ചു.
കേരള സാഹിത്യഅക്കാദമി അംഗം, കേരള ലളിതാ അക്കാദമി അംഗം, സാഹി ത്യപ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡൻ്റ്, സാഹിത്യപ്രവർത്തക സഹകരണസംഘം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബോർഡ് അംഗം, നാലുതവണ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ജൂറിയംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനപ്രസിഡണ്ട് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു. ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല ഖാദറിൻ്റെ സാഹിത്യജീവിതം അടിസ്ഥാനമാക്കി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ‘മാമൈദിയുടെ മകൻ’ എന്ന ഡോക്യുമെന്റ്ററിയും ഹരികുമാറിൻ്റെ സംവിധാനത്തിൽ മറ്റൊരു ഫിലിം നിർമ്മാണ യൂണിറ്റ് ഖാദറിന്റെ കഥാപശ്ചാത്തലം വിശദമാക്കുന്ന ഉറഞ്ഞാടുന്ന ദേശങ്ങൾ എന്ന പേരിൽ ഡോക്യുമെൻ്ററിയും നിർമ്മിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലും ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലേക്കും യു.എ. ഖാദറിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ: ഫാത്തിമ ബീവി
മക്കൾ: ഫിറോസ്, കബീർ, അദീബ്, സറീന, സുലേഖ
വിലാസം: ‘അക്ഷരം’, പൊക്കുന്ന് (പി.ഒ), കോഴിക്കോട് – 673014