ഉള്ളൂർ എസ്. പരമേശ്വരയ്യർ
മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉ ള്ളൂർ എസ്. പരമേശ്വരയ്യർ 1877 ജൂൺ 6-ന് ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരിയിൽ ജനനം. പിതാവ്: തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യർ. അമ്മ: ചങ്ങനാശ്ശേരി സ്വദേശിനിയായ ഭഗവതി അമ്മാൾ. ഉള്ളൂർ പെരുന്നയിൽത്തന്നെയാണ് തൻ്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛൻ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപ്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെ ന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1949 ജൂൺ 15-ന് അന്തരിച്ചു.