വള്ളത്തോൾ നാരായണമേനോൻ

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം‘ എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.
പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ. 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി.തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.

1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു.

Shop Now

0